കൊട്ടിയൂർ : കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ചുരമില്ലാതെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിർമിക്കണം എന്ന ആവശ്യം ശക്‌തമായതിനെ തുടർന്ന് ഇരു ജില്ലകളിലേയും ജനപ്രതിനിധികളും പ്രാഥമിക ആലോചനാ യോഗം ഇന്ന് 11 മണിക്ക് കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ നടത്തും. കണ്ണൂർ, വയനാട് ജില്ലകളിൽ ഉൾപ്പെടുന്ന മാനന്തവാടി നഗര സഭ, പേരാവൂർ, മനാന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ, തവിഞ്ഞാൽ, കേളകം, കണിച്ചാർ, പേരാവൂർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കൂടാതെ മേഖലയിലെ വിവിധ വകുപ്പുകൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. സംസ്‌ഥാന സർക്കാർ ആവശ്യപ്പെടുകയും യൂസർ ഏജൻസിയെ നിശ്ചയിക്കുകയും ചെയ്‌താൽ ചുരമില്ലാ പാതയ്ക്ക് അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കൊട്ടിയൂർ പഞ്ചായത്തിനേയും, വിഷയത്തിൽ മന്ത്രിയെ സമീപിച്ച വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളേയും അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തുകൾ യോജിച്ച നീക്കത്തിന് തയാറെടുക്കുന്നത്. ചുരം റോഡുകൾ പലപ്പോഴും അപകടാവസ്‌ഥയിലാകുന്ന സാഹചര്യത്തിൽ ചുരമില്ലാ പാത അനിവാര്യമായി വന്നിരിക്കുകയാണ്. മാത്രമല്ല വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് നിർമിക്കുന്ന പാത പൂർണമായി നാല് വരിയായി നിർമിക്കാനും സാധിക്കും. ഇപ്പോൾ വയനാട് കണ്ണൂർ വിമാനത്താവള റോഡ് കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ മാത്രമാണുള്ളത്. ചുരത്തിൽ ലഭ്യമായ വീതിയിലും വയനാട് ഭാഗം രണ്ട് വരി പാത മാത്രമായും ആണ് നിർമിക്കുന്നത്. അതിനു പകരം മാനന്തവാടി മുതൽ കണ്ണൂർ വിമാനത്താവളം വരെ നാല് വരി പാതയാക്കാം എന്ന മേന്മയും ചുരമില്ലാ പാത എത്തുന്നതോടെ സാധ്യമാകും. മുൻപ് ചുരമില്ലാ പാതയ്ക്കായി കൊട്ടിയൂർ പഞ്ചായത്തിന് ലീസിന് നൽകിയിട്ടുള്ളതും റോഡ് നിർമിച്ച് ഉപയോഗിച്ചിരുന്നതുമാണ്. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികൾ ഇപ്പോൾ റോഡിനായി ശ്രമം ആരംഭിച്ചിട്ടുള്ളത്. എംപിമാരായ പ്രിയങ്ക ഗാന്ധി, കെ.സുധാകരൻ, ഡോ. ശിവദാസൻ, സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് എന്നിവരുടേയും മന്ത്രി ഒ.ആർ.കേളു, സണ്ണി ജോസഫ് എംഎൽഎ എന്നിവരുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിന് ശേഷം കൂടുതൽ വിപുലമായ യോഗം വിളിച്ചു ചേർക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം പറഞ്ഞു.
Will Kannur and Wayanad become one soon through the Churamilla Pass? Consultation meeting today at 11 am. At Kottiur Panchayat Office.